വൃക്ഷത്തെ സ്നേഹിച്ച ബാലൻ - 01 (Questions)

Share it:
ബാലചന്ദ്രൻ എന്റെ അനുജന്റെ മകനാണ്. കുട്ടിക്കാലം തുടങ്ങി വൃക്ഷങ്ങളോടും ചെടികളോടുമെല്ലാം അവനു വളരെ വാത്സല്യമായിരുന്നു. തറയിൽ എന്തെങ്കിലും മുളച്ചുവരുന്നത് കണ്ടാൽ വളരെനേരം അവനതു സൂക്ഷിച്ചുനോക്കിക്കൊണ്ടു നിൽക്കും. ഏതോ ഒരു വലിയ ശാസ്ത്രതത്ത്വം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുപോലെ.
ഒരു ദിവസം കാലത്ത് ഞാൻ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു പ്രധാന വാർത്തയിൽ എന്റെ മനസ്സ് ഏകാഗ്രമായി നിൽക്കുകയാണ്. ബാലചന്ദ്രൻ ഓടി വന്ന്, കൈക്കു പിടിച്ച് എന്നെ തോട്ടത്തിലേക്കു കൊണ്ടുപോയി. അവിടെ ഒരു ചെറിയ വൃക്ഷം ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോടു ചോദിച്ചു:
“വല്യച്ഛാ, ആ മരത്തിന്റെ പേരെന്താണ്?"
ഞാൻ നോക്കിയപ്പോൾ കാണുന്നത് ചെറിയ ഒരു ഇലവുമരം തോട്ടത്തിലെ നടപ്പാതയുടെ നടുവിലായി വളർന്നുവരുന്നതാണ്, ബാലചന്ദ്രൻ തെറ്റിദ്ധരിച്ചാണ് എന്നെ അങ്ങോട്ടു വിളിച്ചുകൊണ്ടുപോയതെന്ന് ആദ്യം ഞാൻ സംശയിച്ചു. അതു ശരിയല്ല.
ആ ചെറിയ മരം മുളച്ചുവന്ന കാലം മുതൽ അവൻ അതിൽ ശ്രദ്ധിക്കുകയായിരുന്നു. കുട്ടികൾ സംസാരിച്ചു തുടങ്ങുമ്പോൾ അമ്മമാർക്കുണ്ടാകുന്ന സന്തോഷമാണ്, അതിന് ഇലകൾ വന്നപ്പോൾ അവനുണ്ടായത്. പിറ്റേ ദിവസം മുതൽ കാലത്തും വൈകുന്നേരവും അവൻ തന്നെ പോയി അതിനു വെള്ളമൊഴിക്കും. എത്രത്തോളം വളരുന്നുവെന്ന് ദിവസവും പോയി നോക്കും. ഇലവുവൃക്ഷം വളരെ വേഗത്തിൽ വളർന്നു പൊങ്ങുന്നു. എന്നിട്ടും ബാലചന്ദ്രന്റെ ആഗ്രഹത്തിനനുസരിച്ച് അതിനു വളരാൻ കഴിയുന്നില്ല. കുറേശ്ശേ ഇലകളും കൊമ്പുകളും വന്ന് രണ്ടുമൂന്നടി പൊക്കം വച്ചപ്പോൾ അവന്റെ അദ്ഭുതം പറഞ്ഞറിയിക്കാൻ പ്രയാസം. അൽപ്പം അകന്നുനിന്നു നോക്കി പുഞ്ചിരിച്ചുകൊണ്ട് കൂടക്കൂടെ അവൻ പറയും:
“ഹാ, എന്തു ഭംഗിയുള്ള മരം.” കുട്ടിയുടെ ബുദ്ധി വികസിക്കുന്നതു കണ്ട് അമ്മ ആശ്ചര്യപ്പെടുന്നതു പോലെ. ഇലവുമരം കണ്ടിട്ട് ഞാനും അദ്ഭുതപ്പെട്ടു നിൽക്കുമെന്നാണ് അവൻ വിചാരിച്ചത്. ഞാൻ പറഞ്ഞു: “അത് ശരി! അതു വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാടു ചെയ്യാം."
ബാലചന്ദ്രൻ ഞെട്ടിപ്പോയി. അവൻ സങ്കടപ്പെട്ടു പറഞ്ഞു: “എന്തു കഷ്ടമാണു വല്യച്ഛാ! ആ മരം വെട്ടിക്കളയരുതെന്ന് ഞാൻ കാലുപിടിച്ചപേക്ഷിക്കയാണ്.”
“കുഞ്ഞേ, നീ പറയുന്നതു ശരിയല്ല. ഒന്നാമത് വഴിയുടെ നടുക്കാണ് ആ മരം നിൽക്കുന്നത്. വളർന്നു വലുതായാൽ അതിന്റെ കായ്കൾ പൊട്ടിത്തെറിച്ച് പഞ്ഞി നാലു ചുറ്റും പറന്നു നടക്കും. അതെല്ലാവർക്കും ശല്യമായിത്തീരും.”
എന്റെ അടുത്തു കാര്യം പറ്റുന്നില്ല എന്നു കണ്ടപ്പോൾ അവൻ വല്യമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. വല്യമ്മയ്ക്കു മക്കളില്ല. അവന് അമ്മയുമില്ല. അതുകൊണ്ട് വല്യമ്മയുടെ മകനായിട്ടാണ് അവനിവിടെ വളരുന്നത്. അവരുടെ മടിയിൽ കയറി കഴുത്തിൽ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട് അവൻ പറഞ്ഞു: “വല്യമ്മേ, വല്യച്ഛനോടു പറയണം, ആ ഇലവുമരം വെട്ടിക്കളയരുതെന്ന്.” പണി ഏതായാലും പറ്റി.
വല്യമ്മ വല്യച്ഛനെ വിളിച്ച് ആജ്ഞാപിച്ചു: “ഹേ! കേട്ടോ! ആ ഇലവുമരം വെട്ടിക്കളയരുത്. അതവിടെ നിൽക്കട്ടെ." മരം വെട്ടിയില്ല. അതവിടെത്തന്നെ കുറേനാൾ കൂടി നിന്നു. ബാലചന്ദ്രൻ കാണിച്ചുതന്നില്ലെങ്കിൽ ഒരുപക്ഷേ, ഞാനതു ശ്രദ്ധിക്കുകയില്ലായിരുന്നു. അനുജന്റെ ഭാര്യ മരിക്കുമ്പോൾ ബാലചന്ദ്രൻ കൈക്കുഞ്ഞായിരുന്നു. അവൾ മരിച്ചതോടുകൂടി ദുഃഖം സഹിക്കാനാവാതെ അനുജൻ സ്ഥലം വിട്ടുപോവാൻ തീർച്ചപ്പെടുത്തി. എൻജിനീയറിങ് പഠിക്കാൻ ഇംഗ്ലണ്ടിലേക്കാണു പോയത്. അന്നുമുതൽ അവന്റെ കുട്ടി എന്റെ വീട്ടിൽ വന്ന് വല്യമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചു.
പത്തുകൊല്ലം കഴിഞ്ഞ് അനുജൻ മടങ്ങി വന്നു. ബാലചന്ദ്രനെയും ഇംഗ്ലണ്ടിലേക്കയയ്ക്കണമെന്ന് അവൻ തീർച്ചപ്പെടുത്തി. അതിന്റെ പ്രാരംഭമായി പരിശീലനത്തിനുവേണ്ടി കുറേനാൾ അവനെ സിംലയിൽ താമസിപ്പിക്കണം, അതു കഴിഞ്ഞ് ലണ്ടനിലേക്കു കപ്പൽ കയറും.
വല്യമ്മയുടെ അടുത്തുനിന്നു വിമ്മിവിമ്മി കരഞ്ഞുകൊണ്ടാണ് ബാലചന്ദ്രൻ അവന്റെ അച്ഛനോടുകൂടി സിംലക്കു പോയത്. അവന്റെ വേർപാടോടെ ഞങ്ങളുടെ വീട് ഉറങ്ങിപ്പോയി.
ഇലവുമരം വീണ്ടും വളർന്നു വലുതായി. അതിന്റെ കായ്കൾ വിളഞ്ഞു പൊട്ടി നാലുചുറ്റും പഞ്ഞി പറന്നു. എല്ലാവർക്കും അതൊരുപദ്രവമായിത്തീർന്നു. പോകുന്നവരും വരുന്നവരുമെല്ലാം ഇതെന്തിനിങ്ങനെ നിർത്തിയിരിക്കുന്നു എന്ന് എന്നോടു ചോദിക്കും. ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോൾ അതു വെട്ടിമുറിച്ചു കളയാൻ ഞാൻ ഏർപ്പാടു ചെയ്തു.
കുറേദിവസം കഴിഞ്ഞ് സിംലയിൽനിന്ന് ബാലചന്ദ്രന്റെ ഒരു കത്ത് അവന്റെ വല്യമ്മയ്ക്കു കിട്ടി. സ്വന്തം കൈപ്പടയിലാണു കത്തെഴുതിയിരിക്കുന്നത്. “എനിക്ക് ഇലവുമരത്തിന്റെ ഒരു ഫോട്ടോ എടുത്തയച്ചുതരണം.” ഇതാണു കത്തിലെ ഉള്ളടക്കം.
ബിലാത്തിക്കു പോകുന്നതിനു മുമ്പായി വല്യമ്മയുടെ അടുത്തുവന്ന് യാത്ര ചോദിക്കണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. ഇലവുമരവും ഒന്നു കാണണം. രണ്ടും സാധിച്ചില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരന്റെ ഫോട്ടോ എടുത്തയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതു കൂടി ബിലാത്തിക്കു കൊണ്ടു പോകണം. അവൾ എന്നെ വിളിച്ചു പറഞ്ഞു:
“ഹാ കേട്ടോ! ഒരു ഫോട്ടോഗ്രാഫറെ വിളിച്ചുകൊണ്ടു വരണം. ഇപ്പോൾ തന്നെ വേണം." ഞാൻ ചോദിച്ചു: “ഉം, എന്തിന്?"
ബാലചന്ദ്രന്റെ കത്ത് വായിച്ചുനോക്കുന്നതിനുവേണ്ടി അവൾ എന്റെ കൈവശം തന്നു, കത്തു വായിച്ചശേഷം ഞാൻ പറഞ്ഞു: “ഓ, ആ ഇലവുമരം മുറിച്ചുകളഞ്ഞിട്ട് ദിവസങ്ങൾ എത്രയോ കഴിഞ്ഞു."
അവന്റെ വല്യമ്മ രണ്ടു ദിവസം ആഹാരം കഴിച്ചില്ല. കുറേദിവസത്തേക്ക് എന്നോട് ഒന്നും മിണ്ടിയതുമില്ല. ബാലചന്ദ്രനെ അവന്റെ അച്ഛൻ കൈയിൽ എടുത്തുകൊണ്ടു വന്ന ദിവസവും തന്റെ അടുത്തുനിന്ന് അവനെ അപഹരിച്ചുകൊണ്ടുപോയ ദിവസവും അവൾ ഓർത്തിട്ടുണ്ടാവാം. അന്ന് അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇതാ, വല്യച്ഛൻ അവന് ഏറ്റവും ഇഷ്ടപ്പെട്ട മരവും മുറിച്ചുകളഞ്ഞിരിക്കുന്നു. ജീവിതം മുഴുവൻ അവൾക്ക് മറക്കാൻ കഴിയാത്ത സംഭവങ്ങളാണിവ. അവളുടെ ജീവിതത്തിന്റെ ലക്ഷ്യം തകർന്നുപോയിരിക്കുന്നു.
- രവീന്ദ്രനാഥ ടാഗോർ
വായിക്കാം കണ്ടെത്താം
വൃക്ഷത്തെ സ്നേഹിച്ച ബാലൻ എന്ന കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാമായിരുന്നു?
ബാലചന്ദ്രൻ, ബാലചന്ദ്രന്റെ വല്യച്ഛൻ, ബാലചന്ദ്രന്റെ വല്യമ്മ, ബാലചന്ദ്രന്റെ അച്ഛൻ

വല്യച്ഛൻ എന്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്? അതിന് കാരണം എന്തായിരിക്കും?
ഇലവുമരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്യാം എന്ന് വല്യച്ഛൻ പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്. താൻ വളരെയധികം സ്നേഹിച്ചിരുന്ന കൂട്ടുകാരനാണ് ബാലചന്ദ്രന് ആ മരം. അതിന് ഓരോ തളിരും ഇലയും വരുന്നത് കണ്ട് അവൻ സന്തോഷിച്ചിരുന്നു. അത് വെട്ടിക്കളയുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും ബാലചന്ദ്രന് കഴിയുമായിരുന്നില്ല.

വല്യച്ഛൻ ഇലവുമരം മുറിക്കാൻ തീരുമാനമെടുത്തതെന്തുകൊണ്ടാണ്?
ഇലവുമരം വഴിയുടെ നടുവിലാണ് നിന്നിരുന്നത്. വളർന്നു വലുതായാൽ അതിന്റെ കായ്‌കൾ പൊട്ടിത്തെറിച്ച് പഞ്ഞി നാലുപാടും പറന്നുനടക്കും. ഇത് എല്ലാവർക്കും ഒരു ശല്യമായിത്തീരും. അതുകൊണ്ടാണ് വല്യച്ഛൻ ഇലവുമരം മുറിക്കാൻ തീരുമാനമെടുത്തത്.

തന്റെ ജീവിതലക്ഷ്യം തീർന്നുപോയതായി വല്യമ്മയ്‌ക്ക് തോന്നാൻ കാരണമെന്ത്?
വല്യമ്മയുടെ മക്കളില്ലാത്തതിനാൽ മകനായാണ് അവർ ബാലചന്ദ്രനെ വളർത്തിയത്. ബാലചന്ദ്രന് അമ്മയും ഇല്ലായിരുന്നു. അവർ തമ്മിൽ വളരെ ആഴത്തിലുള്ള ഒരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാലചന്ദ്രനെ അവന്റെ അച്ഛൻ വല്യമ്മയുടെ അടുത്ത നിന്ന് നിർബന്ധപൂർവ്വം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയപ്പോൾ അവർക്ക് അതിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവന്റെ വല്യച്ഛൻ അവന് ഏറ്റവും പ്രിയപ്പെട്ട ഇലവുമരവും മുറിച്ചുകളഞ്ഞു. ആ ഇലവുമരം സംരക്ഷിക്കാനും അവർക്ക് സാധിച്ചില്ല. ബാലചന്ദ്രന്റെ ആഗ്രഹം സാധിച്ചുകൊടുക്കലായിരുന്നു ആ അമ്മയുടെ ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ, അതിന് കഴിയാതിരുന്നത് അവരുടെ മനസിനെ വളരെയധികം തളർത്തിക്കളഞ്ഞു. അതിനാലാണ് തന്റെ ജീവിതലക്ഷ്യം തീർന്നുപോയതായി വല്യമ്മയ്‌ക്ക് തോന്നിയത്.

ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് ഇലവുമരവും ബാലചന്ദ്രനും വളർന്നത് എന്നതിന്റെ എന്തെല്ലാം സൂചനകളാണ് പാഠഭാഗത്തുള്ളത്? കണ്ടെത്തി എഴുതുക.
ബാലചന്ദ്രൻ സ്വന്തം സഹോദരനെപ്പോലെയാണ് ഇലവുമരത്തെ സ്‌നേഹിച്ചത്. മക്കളില്ലാതിരുന്ന വല്യമ്മയ്‌ക്ക് ബാലചന്ദ്രനും അവന്റെ ഇലവുമരവും മക്കൾക്ക് തുല്യമായിരുന്നു. ഇലവുമരം വെട്ടിക്കളയരുതെന്ന അവന്റെ നിർബന്ധം വല്യമ്മയാണ് സാധിച്ചു നൽകിയത്. അച്ഛനോടൊപ്പം സിംലയ്‌ക്ക് പോയപ്പോൾ ഇലവുമരത്തെ സംരക്ഷിക്കാൻ വല്യമ്മയെ ഏൽപ്പിച്ചാണ് ബാലചന്ദ്രൻ പോയത്.
ബിലാത്തിയ്‌ക്ക് പോകുന്നതിന് മുൻപായി വല്യമ്മയുടെ അടുത്ത് വന്ന് യാത്ര ചോദിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. ഇലവുമരവും ഒന്ന് കാണണം. ഇവ രണ്ടും അവന് സാധിച്ചില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരനായ ഇലവുമരത്തിന്റെ ഫോട്ടോ അയച്ചുതരണമെന്ന് വല്യമ്മയോട് അവൻ ആവശ്യപ്പെട്ടത്.

ഇലവുമരം മുളപൊട്ടി വളരുന്നതിന്റെ ആനന്ദം ബാലചന്ദ്രൻ ആസ്വദിക്കുന്നത് നിങ്ങൾ വായിച്ചു മനസിലാക്കിയല്ലോ. അത് അവതരിപ്പിക്കുന്നതിന് കഥാകാരൻ ഉപയോഗിച്ച സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തൂ....
# കുട്ടികൾ സംസാരിച്ചു തുടങ്ങുമ്പോൾ അമ്മമാർക്കുണ്ടാകുന്ന സന്തോഷമാണ് അതിന് ഇലകൾ വന്നപ്പോൾ അവനുണ്ടായത്. (പേജ് 8 അവസാന ഖണ്ഡികയിൽ)
# വളർന്നുവലുതായ ഇലവുമരം നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ പറയും: "ഹാ! എന്തു ഭംഗിയുള്ള മരം." കുട്ടിയുടെ ബുദ്ധി വികസിക്കുന്നതുകണ്ട് അമ്മ ആശ്ചര്യപ്പെടുന്നതുപോലെ. (പേജ് 9 രണ്ടാമത്തെ ഖണ്ഡികയിൽ)
Share it:

MALAP5 U1

Post A Comment:

1 comments: