മലയാളനാടേ, നിൻ മാറിലാരോ.
മലർമാല ചാർത്തുന്നു മഞ്ചിമകൾ.
വിജയിച്ചു ഞങ്ങൾ പിറന്നനാടേ!
വിമലശ്രീ നിത്യം പുലർന്ന വീടേ!
കരൾ കക്കും നിൻ കളിതോപ്പിലെത്ര
കവികോകിലങ്ങൾ പറന്നുപ്പാടി!
അവിരളോന്മാദം തരുന്നു ഞങ്ങൾ-
ക്കവർ പെയ്ത കാകളിത്തേന്മഴകൾ
പരശ്ശതം വരക്ഷങ്ങൾക്കപ്പുറത്താ-
പരിചേലും തുഞ്ചൻപറമ്പിലെങ്ങോ
ഒരു തൈമരത്തിൽ തളിർത്ത കൊമ്പ-
ത്തൊരു പച്ചത്തത്തമ്മ കൂടുകൂട്ടി
അഖിലവേദാന്ത പുരാണതത്ത്വ-
മവളാത്തമോദമെടുത്തു പാടി
അഴകുറ്റ ഗാനമേ, നിന്റെ മുൻപിൽ
തൊഴുകൈപ്പൂമൊട്ടുമായ് നില്പു ഞങ്ങൾ
ഫലിതത്തിൻ തൈലം പകർന്നു കുഞ്ചൻ-
നിലവിളക്കൊന്നു കൊളുത്തിവച്ചു
അതിനുള്ളിലായിരം പൊൻതിരിക-
ളറിവിൻ വെളിച്ചം ചൊരിഞ്ഞെരിഞ്ഞു
മണിമുകിൽവർണനെ വാഴ്‌ത്തിവാഴ്‌ത്തി
മതിമാൻ ചെറുശ്ശേരി പാട്ടുപാടി
അഭിനവമാശാന്റെ തത്ത്വചിന്താ-
മധുരമാം പാവനപ്രേമഗാനം
മറവിക്കും മായ്ക്കുവാനായിടത്തെ
മഹിതാഭ വീശിപരിലസിപ്പൂ
മധുരമായ് വള്ളത്തോൾ ഞങ്ങൾ കേൾക്കാൻ
മണിവീണ മന്ദമെടുത്തു മീട്ടി,
വിജയശ്രീലാളിതനായൊരുള്ളൂർ
വിപുലപാണ്ഡിത്യം തുറന്നുകാട്ടി
പ്രണയിപ്പൂ ഹാ! ഞങ്ങൾ ഭക്തിപൂർവ്വം
പ്രതിഭാപ്രഭാവമേ നിന്റെ മുൻപിൽ
-ചങ്ങമ്പുഴ കൃഷ്ണപിള്ള
Post A Comment:
0 comments: