കവിതയുടെ ആശയം - മലയാളനാടേ, ജയിച്ചാലും

Share it:
മലയാളനാടേ, ജയിച്ചാലും എന്ന കവിതയിൽ ചങ്ങമ്പുഴ കേരളത്തെയും മാതൃഭാഷയായ മലയാളത്തെയും വർണിക്കുകയാണ് ചെയ്യുന്നത്..നമ്മുടെ നാടിന്റെ സവിശേഷതകളും പ്രമുഖരായ കവികളെയും കവി ഈ കവിതയിൽ സ്മരിക്കുന്നു.
കവി മലയാള നാടിനോട് പറയുകയാണ്; അല്ലയോ മലയാള നാടേ നിന്റെ പ്രകൃതി ഭംഗി വളരെ മനോഹരമാണ്. ആ ദൃശ്യങ്ങൾ നിന്റെ മാറിൽ പുഷ്പമാലകൾ പോലെ ശോഭിക്കുകയാണ്. ഞങ്ങൾക്ക് ജന്മം നൽകിയ നാടേ നീ വിജയിച്ചാലും..പരിശുദ്ധമായ ഐശ്വര്യം നിത്യവും പുലരുന്ന വീടായ നാടേ! മനം കവരുന്ന കാഴ്ചകൾ ഉള്ള നിന്റെ പൂന്തോട്ടത്തിൽ എത്രയെത്ര കവികളാകുന്ന കുയിലുകളാണ് പാറിപറന്നു പാടിയത്? അവർ തുടർച്ചയായി പാടിയ അവരുടെ പാട്ടുകൾ അമിതമായ ആനന്ദം നൽകുന്നവയാണ്. 
അനേകം വർഷങ്ങൾക്കപ്പുറത്ത് പ്രകൃതി ഭംഗി നിറഞ്ഞ തുഞ്ചൻ പറമ്പിലെ ഒരു തൈമരത്തിൽ തളിർത്ത കൊമ്പിൽ ഒരു പച്ചത്തത്തമ്മ കൂടുകൂട്ടി. എല്ലാ വേദാന്തങ്ങളും പുരാണ തത്വങ്ങളും അവൾ വളരെയധികം സന്തോഷത്തോടെ പാടി. എഴുത്തച്ഛന്റെ മനോഹരമായ ആ കാവ്യങ്ങൾക്കു മുൻപിൽ തൊഴുകൈപൂമൊട്ടുകളുമായി നിൽക്കുകുകയാണ് മലയാളികൾ.
കുഞ്ചൻ നമ്പ്യാർ ഫലിതത്തിന്റെ തൈലം പകർന്ന തിരിയിട്ട നിലവിളക്ക് മലയാളത്തിന്റെ തിരുമുറ്റത്ത് കൊളുത്തിവച്ചു.  അദ്ദേഹം കൊളുത്തിയ ആ നിലവിളക്കിൽ ആയിരമായിരം പൊൻതിരികളായി മാറി കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ പ്രകാശം ചൊറിഞ്ഞുകൊണ്ട് ഇപ്പോഴും എരിഞ്ഞു നിൽക്കുന്നു. 
മണിമുകിൽ വർണനായ കൃഷ്ണനെ പുകഴ്‌ത്തുന്ന പാട്ടുമായി ബുദ്ധിമാനും പ്രതിഭാശാലിയുമായ ചെറുശ്ശേരി കാവ്യരചനാ രംഗത്തെത്തി. ലളിതമായ ഭാഷയിലാണ് അദ്ദേഹം കൃഷ്ണഗാഥ രചിച്ചത്.
ആധുനിക കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാനെയാണ് കവി പിന്നീട് ഓർമ്മിപ്പിക്കുന്നത് തത്ത്വചിന്തയും മാധുര്യവും കലർന്ന പരിശുദ്ധമായ സ്നേഹത്തിന്റെ പാട്ടുകളാണ് അദ്ദേഹം പാടിയത്. ആ കവിതകൾ മറവിക്കും മായ്‌ക്കാനാവാതെ വർധിച്ച ശോഭയോടെ വീശി പരിലസിക്കുന്നു. 
വള്ളത്തോൾ നമ്മുക്കായി മണിവീണയെടുത്ത് പതിയെ മീട്ടിയപ്പോൾ ശബ്ദസൗന്ദര്യം നിറയുന്ന അനേകം കവിതകൾ പിറന്നു. കവി എന്ന നിലയിലും പണ്ഡിതൻ എന്ന നിലയിലും വിജയശ്രീലാളിതനായ ഉള്ളൂരിന്റെ കവിതകളിൽ അദ്ദേഹത്തിന്റെ വിപുലമായ പാണ്ഡിത്യമാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മുൻപിൽ ഭക്തിയോടെ ശിരസ് നമിക്കുന്നു എന്ന് പറഞ്ഞാണ് കവിത തീരുന്നത്.
Share it:

MALKP5 U1

Post A Comment:

0 comments: