ഇഞ്ചി
പത്തുമുതൽ ഇരുപത്തിയഞ്ചു സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണിത്. ഔഷധമായും സുഗന്ധവ്യഞ്ജനമായും ഒക്കെ ഉപയോഗിക്കുന്ന ഇഞ്ചിയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതുന്നു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക് ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലെയും ചേരുവയാണ്. 'ചുക്കില്ലാത്ത കഷായം ഇല്ല' എന്നൊരു ചൊല്ലുമുണ്ട്. ചെവിവേദന, ചുമ, വയറുവേദന, രക്തസമ്മർദം എന്നിവയ്‌ക്കൊക്കെ ഇഞ്ചി അത്യുത്തമമാണ്.
വിഷ്ണുക്രാന്തി
വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ നിലം പറ്റി വളരുന്ന സസ്യമാണ് വിഷ്ണുക്രാന്തി. ഇതിന്റെ ഇലകൾ വളരെ ചെറുതും ദീർഘവൃത്താകൃതിയിൽ ഉള്ളതുമാണ്. ശാഖകളും ഇലകളും രോമാവൃതമായിരിക്കും. ശ്വാസകോശരോഗങ്ങൾ, വിഷചികിത്സ, അപസ്‌മാരം എന്നിവ ചികിത്സിക്കാനും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കാനും ഔഷധമായി ഇതുപയോഗിക്കുന്നു.
സർപ്പഗന്ധി
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന സർപ്പഗന്ധി രക്തസമ്മർദത്തിന് ഉത്തമ ഔഷധമാണ്. റിസേർപ്പിൻ, അജ്മാലിൻ തുടങ്ങിയ ഒട്ടനവധി ആൽക്കലോയിഡുകൾ ഈ സസ്യത്തിൽ നിന്ന് വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഇലകളും തണ്ടുകളും വേരുകളുമൊക്കെ ഉപയോഗ്യമാണെങ്കിലും കൂടുതലായി ഗുണം ചെയ്യുന്നത് വേരുകളാണ്.
കരിനെച്ചി
വേര്, ഇല, തൊലി എന്നിവയാണ് കരിനെച്ചിയുടെ ഔഷധയോഗ്യഭാഗങ്ങൾ. അപസ്‌മാരം, വായ്പ്പുണ്ണ്, മലമ്പനി, മുട്ടുകളിൽ ഉണ്ടാകുന്ന നീര് എന്നിവയ്ക്ക് അത്യുത്തമമാണിത്. നാലുമീറ്ററിലധികം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഈ സസ്യത്തിന്റെ ഇലകളുടെ അടിഭാഗത്തിന് നീല കലർന്ന പച്ചനിറമാണ്.
കീഴാർനെല്ലി
വയൽപ്രദേശങ്ങളിലും നീർവാർച്ചയുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന കീഴാർനെല്ലി മഞ്ഞപ്പിത്തത്തിന് ഉത്തമ ഔഷധമാണ്. കിരുട്ടാർനെല്ലിയെന്നും പേരുള്ള ഈ സസ്യത്തിന് ശരാശരി അരയടി പൊക്കം മാത്രമേ ഉണ്ടാകുകയുള്ളൂ. പുളിയിലയോട് സാമ്യമുള്ള ചെറിയ ഇലകളാണ് ഇതിനുള്ളത്. കീഴാർനെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളർച്ചയ്‌ക്കും വളരെ നല്ലതാണ്.
Post A Comment:
0 comments: