പുഴയിലേക്ക് എത്ര ദൂരം?

Share it:
ഏഴാം ക്‌ളാസിലെ ഇംഗ്ലീഷ് ഒന്നാം യൂണിറ്റിൽ റസ്കിൻ ബോണ്ട് എഴുതിയ How Far is the River? എന്ന കഥയുടെ പരിഭാഷ..
അവനും ആ പുഴയ്ക്കുമിടയിൽ ഒരു മലയുടെ അകലം മാത്രം. അവനെപ്പോലെ തന്നെ പുഴയും ചെറുതായിരുന്നു. പക്ഷേ, മല അതൊരു പർവതത്താളം വലുതും. ആ വൻമലയ്ക്കപ്പുറം പുഴ ഒളിച്ചിരുന്നു. 
ഒരു കുന്നിൻ മുകളിലായിരുന്നു അവന്റെ വീട്. അവനാ കുന്നിൻ മുകളിൽ നിന്ന് മലയിലേക്ക് നോക്കും. 'ഒരിക്കൽ ഞാനാ മല കടന്ന് പുഴയിലെത്തും!', അവൻ മനസ്സിൽ പറയും. 
അച്ഛനും അമ്മയും അകലെ ഗ്രാമത്തിൽ പോയ ദിവസം, അവർക്കുമുന്നേ തിരികെയെത്താമെന്നുറപ്പിച്ച് അവൻ പുഴ കാണാനിറങ്ങി. പുഴയിലേക്കെത്താൻ കുന്നിറങ്ങി താഴ്വര കടന്ന് മല കയറി ഇറങ്ങണം. കുന്നിൽ നിന്നും താഴ്വരയിലേക്കുള്ള വഴി ഒരു കൂറ്റൻ പെരുമ്പാമ്പിനെപ്പോലെ അവനു തോന്നി. പാതയിലെ പാറകളുടെ മൂർച്ചയും പുൽത്തകിടികളുടെ തണുപ്പും അവനറിഞ്ഞു.
എതിരേ വന്ന മരംവെട്ടുകാരനോടാണ് പുഴയിലേക്കുള്ള ദൂരം ആദ്യം അന്വേഷിച്ചത്. മസിലുകൾ ഉരുട്ടി അയാളവനെ തുറിച്ചു നോക്കി. "ഏഴു മൈൽ!', അയാളവനെ തിരികെയയക്കാൻ ഒരു ശ്രമം നടത്തി. “കുഞ്ഞേ, വഴി അപകടം പിടിച്ചതാണ്. പുഴ കണ്ട് മടങ്ങിയെത്താൻ കുറേ നേരമെടുക്കും. അതുകൊണ്ട് തിരികെ പോകൂ!” അവൻ ചിരിച്ചു.
"എനിക്ക് വേഗത്തിൽ നടക്കാനാകും!", അവൻ നടന്നു. വളവുകളും തിരിവുകളും നിറഞ്ഞ വഴിയിൽ ഇടയ്ക്കിടെ കാൽ വഴുതി. വഴിയോരത്ത് കാട്ടുമരങ്ങളും വള്ളിച്ചെടികളും മത്സരിച്ചു വളരുന്നുണ്ട്. അവയ്ക്കിടയിൽ നിന്ന് സ്വർണ നിറമുള്ള ഒരു കാട്ടു പൂവ് തല നീട്ടി. 
നടന്നു നടന്ന് അവൻ താഴ്വരയിലെത്തി. എതിരേ ഒരു പെൺകുട്ടി വള കിലുക്കി ഓടി വരുന്നുണ്ട്. "പുഴയിലേക്ക് ഇനി എത്ര ദൂരമുണ്ട്?", അവൻ ചോദിച്ചു. "ഇരുപതു മൈൽ!", അവൾ ഉറപ്പിച്ചു പറഞ്ഞു. അതൊരു നുണയാണെന്ന് അവന് ഉറപ്പുണ്ടായിരുന്നു.
അവൻ മുന്നോട്ടോടി. ഒരു തത്ത ചിലച്ചുകൊണ്ട് അവനരികിലൂടെ പറന്നു. മുകളിൽ കത്തുന്ന സൂര്യൻ. മലയിൽ നിന്ന് താഴ്വരയിലേക്ക് ഒഴുകിയ അരുവിയിൽ നിന്നവൻ വെള്ളം കുടിച്ചു. ആ വഴി ആടുകളെ തെളിച്ചു കൊണ്ടു വന്ന പയ്യനോട് അവൻ പുഴയിലേക്കുള്ള ദൂരം അന്വേഷിച്ചു. "അധിക ദൂരമൊന്നുമില്ല... ഈ മലയിറങ്ങിയാലുടൻ പുഴ കാണാം!" 
 അവരിരുവരും അല്പനേരം ഒരു പാറപ്പുറത്തിരുന്ന് ക്ഷീണമകറ്റി. പിന്നെ അവർ ഒന്നിച്ചായി നടത്തം. പല പലകഥകൾ പറഞ്ഞ് ദൂരം കുറെ പിന്നിട്ടു. 
ഇടയൻ വഴിപിരിഞ്ഞ ശേഷം അവൻ വീണ്ടും ഏകനായി. പോകും വഴിയിൽ മൺകുടിലുകളും കൃഷിയിടങ്ങളും ഉണ്ടായിരുന്നു. പക്ഷേ, കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ അവ ഒന്നും തന്നെ കാണാതെയായി. മരങ്ങളും കരിമ്പാറക്കെട്ടുകളും കാട്ടുപൂക്കളും കാടിന്റെ കനത്ത നിശബ്ദതയും മാത്രം. അടച്ചിട്ട മുറിയിലേയോ വിജനമായ തെരുവിലെയോ നിശ്ശബ്ദത പോലെ ഒന്നായിരുന്നില്ല അത്. കാട്ടുപൂക്കളുടെ മണവുമായി ഒരു കാറ്റിറങ്ങി വന്ന് അവനെ പൊതിഞ്ഞു. 
ഒടുവിൽ ചെങ്കുത്തായ ഒരു വളവിനപ്പുറത്തു നിന്നാണ് അവനാ ശബ്ദം കേട്ടത്. പാറക്കെട്ടുകളിൽ ആഞ്ഞു പതിക്കുന്ന വെള്ളത്തിന്റെ ശബ്ദം. അതെ പുഴയുടെ ശബ്ദം. അവൻ ആയത്തിലോടി. നിറഞ്ഞൊഴുകുന്ന പുഴയെ അവൻ നിറഞ്ഞ സ്നേഹത്തോടെ നോക്കി. വരണ്ട പാദങ്ങൾ പുഴവെള്ളത്തിലേക്കിറക്കി അവനതിന്റെ കുളിരറിഞ്ഞു. പുഴവെള്ളത്തിന് വെള്ളാരങ്കല്ലിന്റെയും തെളിഞ്ഞ നീലാകാശത്തിന്റെയും നിറമായിരുന്നു. അതെത്ര മനോഹരമായിരുന്നെന്നോ...
Share it:

Eng7 U1

Post A Comment:

0 comments: