കണ്ണന്റെ കഥ പാടി കൃഷ്ണഗാഥ

Share it:
കുഞ്ഞിളംകാറ്റിലങ്ങിങ്ങു
കുനുകൂന്തൽ പറക്കവേ
ഗോപിക്കുറി വിയർപ്പുറ്റ
കുളിർ നെറ്റിയിൽ മായവേ
കനിവാറ്റിൻ തിരക്കോളിൽ
കടക്കൺകോൺ കളിക്കവേ
തൂവെൺ ചെറുചിരിപൈച്ചാൽ
സുന്ദരാസ്യേന്ദു തൂകവേ.....
ഉള്ളൂരിന്റെ ഈ വരികൾ പീലിത്തിരുമുടി ചൂടി പീതാംബരധാരിയായി ഗോപസ്ത്രീകളുടെ മനം കവർന്ന കാർമേഘവർണനെക്കുറിച്ചാണ് പാടിയിരിക്കുന്നത്.

എല്ലാ കാലത്തെയും കവികൾക്ക് കണ്ണൻ പ്രിയപ്പെട്ട ഇതിവൃത്തമായിരുന്നു. കാലത്തിന് അതീതമായി നിൽക്കുന്നു കൃഷ്ണ കവിതകൾ. ഇക്കൂട്ടത്തിൽ ചെറുശേരി നമ്പൂതിരി എഴുതിയ കൃഷ്ണഗാഥ അതിന്റെ രൂപഭാവങ്ങളാൽ ഏറെ ശ്രദ്ധേയമാകുന്നു. കൃഷ്ണഗാഥയ്ക്ക്, കൃഷ്ണപ്പാട്ടെന്ന് മറ്റൊരു പേരു കൂടി കാണുന്നുണ്ട്. ഗാഥ എന്ന വാക്കിന് ഗാനം, പാട്ട് എന്നൊക്കെയാണർഥം.

യാഗത്തിനും മറ്റും ഉപയോഗിച്ചിരുന്ന കാര്യങ്ങൾക്കാണ് ആദ്യകാലത്ത് ഗാഥ എന്ന പേര് നൽകിയിരുന്നത്. 'ചെറുശേരി' എന്നൊരു പേരുകൂടി കൃഷ്ണഗാഥയ്ക്കുള്ളതായി ഉള്ളൂർ.എസ്.പരമേശ്വരയ്യർ സൂചിപ്പിച്ചിട്ടുണ്ട്. 
ചെറുശേരിഗാഥ എന്നറിയപ്പെട്ടിരുന്നതും കൃഷ്ണഗാഥയായിരുന്നു. പിന്നീട് 'പാട്ട് ' എന്ന് അറിയപ്പെട്ടിരുന്ന കാവ്യങ്ങൾ എല്ലാം കൃഷ്ണഗാഥയിൽ കവി വൃത്തത്തിൽ രചിക്കപ്പെട്ടവയായിരുന്നു. 

മഞ്ജരി വൃത്തമാണ് ഗാഥാ വൃത്തമായി അറിയപ്പെടുന്നത്. ചതുരംഗക്കളിയിൽ തന്റെ ഭർത്താവിന് സംഭവിക്കാൻ സാധ്യതയുള്ള പരാജയത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതിനു വേണ്ടി ഒരു സ്ത്രീ കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന ഭാവത്തിൽ 'ഉന്തുന്തുന്ത് ഉന്തുന്തുന്ത് ആളെ ഉന്ത് ' എന്ന് പാടിയെന്നും ആ താളത്തിൽ ചെറുശേരി കൃഷ്ണഗാഥ രചിച്ചെന്നും കഥകൾ പറയുന്നു.എന്നാൽ പ്രാചീന കാലത്തു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ഗാനസമ്പ്രദായമാണ് കൃഷ്ണഗാഥയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നു ചരിത്രകാരന്മാർ അവകാശപ്പെടുന്നു.

" ഒന്നാനാംകുന്നിൻമേലോരടിക്കുന്നിൻമേ
ലാണല്ലോ മങ്കമാർ പാല നട്ടു.
പാലയ്ക്കില വന്നു പൂ വന്നു കാ വന്നു
പാലയ്ക്ക് പാൽ കൊടു പാർവതിയേ.''

എന്നിങ്ങനെയുള്ള ചെറു ഗാനങ്ങളിൽ കൃഷ്ണഗാഥയുടേതിന് സമാനമായ താളമാണ് കാണുന്നത്.സംസ്കൃത വൃത്തങ്ങളെയൊന്നും ആശ്രയിക്കാതെ ഒരു നാടോടി മലയാള വൃത്തത്തിൽ ഒരു മഹാകാവ്യമെഴുതി എന്നതു ചെറുശേരി നമ്പൂതിരിയെ വ്യത്യസ്തനാക്കുന്നു.

ഭാഗവതം ദശമസ്കന്ദത്തെ ആധാരമാക്കിയാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥയാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. കൃഷ്ണകഥയാണ് പാടുന്നതെങ്കിലും ഭക്തിയെക്കാളേറെ ശൃംഗാരം തുടങ്ങിയുള്ള രസങ്ങൾക്ക് കവി പ്രാധാന്യം നൽകിക്കാണുന്നു. കാവ്യത്തിന്റെ രസനീയതയിൽ ആണ് കവി ശ്രദ്ധിക്കുന്നത്. 8400 നു മേൽ ഈരടികളുള്ള കൃഷ്ണഗാഥയിൽ ആകെ 47 കഥകളാണുള്ളത്.
Share it:

Post A Comment:

0 comments: