ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ മാത്രം നിലനിൽക്കുന്ന ഭക്തിരസപ്രദമായ ഒരു പ്രാചീന കലാരൂപമാണ് കൃഷ്‌ണനാട്ടം. ശ്രീകൃഷ്ണ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ കോഴിക്കോട് മാനവദേവൻ സാമൂതിരി രാജാവാണ് ഈ ദൃശ്യകലയുടെ ഉപജ്ഞാതാവ്. നയനാനന്ദകരമായ നൃത്ത സംവിധാനങ്ങൾ, വേഷങ്ങൾ, പൊയ്‌മുഖങ്ങൾ, ശ്രുതി മധുരമായ സംഗീത മേളങ്ങൾ, ഹസ്തമുദ്രകൾ എന്നിവയാൽ സമഞ്ജസവും അതീവ ഹൃദ്യവുമാണ് കൃഷ്‌ണനാട്ടം.
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള ലീലകളെ എട്ട് കഥകളിലായി അവതരിപ്പിച്ചുവരുന്നു. ഓരോ കളിക്കും വെവ്വേറെ ഉദ്ദിഷ്ട സിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തന്മാരുടെ വഴിപാടായും ശ്രേഷ്ഠകലാരൂപമെന്ന നിലയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പുറം രാജ്യങ്ങളിലും കൃഷ്‌ണനാട്ടം അവതരിപ്പിച്ചുവരുന്നു. കൂടിയാട്ടം, അഷ്ടപദിയാട്ടം, പ്രാചീന ആയോധന ഗ്രാമീണകലകൾ എന്നിവയെല്ലാം ഉല്പതിഷ്ണുവായ മാനവദേവൻ ഈ കലാരൂപത്തിൽ സമന്വയിപ്പിച്ചീട്ടുണ്ട്. കഥകളിയുമായി സാജാത്യവൈജാത്യങ്ങൾ പുലർത്തുന്ന കൃഷ്‌ണനാട്ടത്തിന്റെ സ്ഥായീഭാവം ഭക്തിയാണ്.
Post A Comment:
0 comments: