വായിക്കാം കണ്ടെത്താം - മലയാളനാടേ ജയിച്ചാലും

Share it:

കേരളത്തെ മലയാളനാട് എന്ന് കവി വിളിക്കുന്നത് എന്തുകൊണ്ടാവാം? നിങ്ങളുടെ ഊഹങ്ങൾ പറയൂ...
പല നാടുകൾക്കും ഭാഷയുമായി ബന്ധപ്പെട്ടാണ് പേര് ലഭിച്ചിരിക്കുന്നത്. മലയാളം സംസാരിക്കുന്നവരുടെ നാട് എന്ന അർത്ഥത്തിലാണ് കവി മലയാളനാട് എന്ന് വിളിച്ചത്.

ഏതൊക്കെ കവികളെക്കുറിച്ചാണ് പാഠഭാഗത്ത് സൂചനയുള്ളത്? കണ്ടെത്തൂ. നിങ്ങൾക്ക് മറ്റേതൊക്കെ കവികളെ അറിയാം?
പ്രാചീന കവിത്രയങ്ങളായ തുഞ്ചത്ത് എഴുത്തച്ഛൻ (മലയാള ഭാഷയുടെ പിതാവ്), ചെറുശ്ശേരി (കൃഷ്ണഗാഥയുടെ കർത്താവ്), കുഞ്ചൻ നമ്പ്യാർ (തുള്ളൽ എന്ന കലാരൂപത്തിന്റെ ജനയിതാവ്) എന്നിവരെക്കുറിച്ചും, ആധുനിക കവിത്രയങ്ങളായ കുമാരനാശാൻ , ഉള്ളൂർ.എസ്.പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരെക്കുറിച്ചെല്ലാം കവിതയിൽ പരാമർശമുണ്ട്.
ഒ.എൻ.വി കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോൻ, ജി.ശങ്കരക്കുറുപ്പ്, ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദൻനായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, വിഷ്ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി, എൻ.എൻ. കക്കാട്, കടത്തനാട്ട് മാധവിയമ്മ, കടമ്മനിട്ട രാമകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടർന്ന് പോകുന്നു മലയാളത്തിലെ കവിതാ പാരമ്പര്യം.

നമ്മുടെ നാടിന്റെ സവിശേഷതകൾ സൂചിപ്പിക്കുന്ന ചില വരികൾ കവിതയിൽ കാണാം. നാടിന്റെ എന്തൊക്കെ സവിശേഷതകളാണ് ഈ വരികളിലൂടെ നിങ്ങളുടെ മനസ്സിലേയ്ക്ക് കടന്നുവരുന്നത്? സമാനമായ ചില വരികൾ നോക്കൂ:
മാമലകൾക്കപ്പുറത്ത് മരത്തകപ്പട്ടുടുത്ത്
മലയാളിമെന്നൊരു നാടുണ്ട്
കൊച്ചു മലയാളമെന്നൊരു നാടുണ്ട്.

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാമെൻ കേരളം
കേരളത്തിന്റെ ഏതൊക്കെ പ്രത്യേകതകളെക്കുറിച്ചാണ് ഈ ഗാനങ്ങളിൽ പറയുന്നത്?
മലകളും കായലും കടലും പുൽമേടുകളും തോപ്പുകളും എല്ലാം ഒരു പൂമാലകണക്കെ മലയാളനാടിന്റെ മാറിൽ ശോഭിക്കുന്നു. മലയാളമാകുന്ന പൂന്തോപ്പിൽ പാറിപ്പറക്കുന്ന കവികളാകുന്ന ധാരാളം കുയിലുകൾ നൽകിയ സാഹിത്യ സംഭവനകളെക്കുറിച്ചും കേരളത്തിന്റെ സവിശേഷതകളെക്കുറിച്ചുമെല്ലാമാണ് മലയാളനാടേ ജയിച്ചാലും എന്ന കവിതയിലെ വരികളിലൂടെ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്.

മാമലകൾക്കപ്പുറത്ത് മരത്തകപ്പട്ടുടുത്ത്...... എന്ന ഗാനത്തിൽ മാമലകൾ നിറഞ്ഞ സഹ്യപർവ്വതത്തിന് അപ്പുറത്ത് പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ കവി ഈ വരികളിലൂടെ വർണ്ണിക്കുന്നു. അകലെയുള്ള നാടുകളിൽ പോയി ജോലി ചെയ്‌തു ജീവിതം പുലർത്തുന്ന മലയാളികളുടെ മനസ്സിൽ അവർ താലോലിക്കുന്ന ഒരുപറ്റം ഓർമ്മകളെയാണ് കവി ഈ ഗാനത്തിലൂടെ വരച്ചിടുന്നത്.

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം...... എന്ന് തുടങ്ങുന്ന പാട്ടിൽ കേരളത്തിന്റെ സംസ്‌കാരികപരമായതും കാർഷികപരമായതുമായ പാരമ്പര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. കേരളം കഥകളിയുടെ നാടാണ് എന്ന സൂചനയാണ് കഥകളിയുടെ ആദ്യ ചടങ്ങായ കേളികൊട്ട് എന്ന പദം പാട്ടിൽ ഉൾകൊള്ളിച്ചപ്പോൾ കവി ഉദ്ദേശിച്ചത്. കൂടാതെ കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കേരളത്തിന്റെ കാർഷികഭംഗിയും കേരകേളീ സദനം എന്ന വരികളിലൂടെ വർണ്ണിക്കുന്നു.
Share it:

MALKP5 U1

Post A Comment:

0 comments: