വായന വാരത്തിൽ സ്കൂളുകളിൽ നടത്താൻ കഴിയുന്ന ചില പ്രവർത്തനങ്ങളാണ് താഴെ തന്നിരിക്കുന്നത് അനുയോജ്യമായവ തെരഞ്ഞെടുത്ത് നടപ്പിലാക്കാം......
തീം വായനരണ്ടാഴ്ചയിലൊരിക്കൽ മാസത്തിലൊരിക്കലോ തീം വായന നടത്താവുന്നതാണ്. ഓണം, ഉത്സവം, രോഗം, അമ്മ, സ്കൂൾ തുടങ്ങി വ്യത്യസ്തങ്ങളായ തീമുകളിൽ നിന്ന് ഒരെണ്ണം മുൻകൂട്ടി തീരുമാനിക്കുക. മഴയാണ് തീമങ്കിൽ മഴ പ്രമേയമായി വരുന്ന കഥകൾ, കവിതകൾ, ചൊല്ലുകൾ, അനുഭവങ്ങൾ, ശാസ്ത്ര ലേഖനങ്ങൾ തുടങ്ങിയവയായിരിക്കും വായന വിഭവങ്ങൾ.
ഇ വായന
വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാം. ദിനപത്രങ്ങളുടെ ഇൻറർനെറ്റ് എഡീഷനുകൾ കുട്ടികൾ കാണട്ടെ. സ്വന്തമായി ബ്ലോഗ് നിർമ്മിച്ച് രചനകൾ പ്രസിദ്ധീകരിക്കാനും മറ്റുമുള്ള അവസരങ്ങൾ കുട്ടികൾ നേരിട്ട് കണ്ട് പരിചയപ്പെടുത്താൻ വായനാവാരം പ്രേരകമാക്കാം.
അംഗത്വമെടുക്കാം
പ്രാദേശിക വായനശാലകളിലും ലും മറ്റും കുട്ടികൾക്ക് അംഗത്വമെടുക്കാൻ അവസരം ഒരുക്കാം.
വായന മൂല
സജീവവും ആകർഷകവുമായ വായനാമൂല സജ്ജീകരിക്കുക ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, ബാലമാസികകൾ തുടങ്ങിയ വായന മൂലയിൽ ഒരുക്കണം. കൂടാതെ ദിനപത്രങ്ങളിൽ വരുന്ന കുട്ടികൾക്കായുള്ള പേജുകൾ പ്രത്യേകം ക്രമീകരിച്ച റഫറൻസ് സൗകര്യം ഒരുക്കുകയും ചെയ്യാവുന്നതാണ്.
വായനാമത്സരം
ഉച്ചാരണശുദ്ധിയോടെ അർത്ഥ വ്യക്തതയോടെ വായിക്കാൻ അവസരം കിട്ടുന്നു കുട്ടികളെ വട്ടത്തിൽ ഇരുത്തി വായന തുടങ്ങുക. വായന തെറ്റുമ്പോൾ അടുത്ത കുട്ടിക്ക് കൈമാറണം. തെറ്റിയിടത്തു നിന്നും തുടങ്ങട്ടെ... കൂടുതൽ സമയം തെറ്റാതെ വായിച്ച കുട്ടിയെ കണ്ടെത്തി സമ്മാനം നൽകാം.
വായന സർവേ
വായന മരിക്കുന്നു, വായന കുറയുന്നു തുടങ്ങിയ അഭിപ്രായങ്ങളുടെ സാധ്യതകളെ കുറിച്ചാണ് വായന സർവ്വേ ലക്ഷ്യമിടുന്നത്. അത് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ സഹായത്താൽ വായന സർവ്വേ നടത്താം. ഓരോ കുട്ടിയും തന്റെ വീടിനടുത്തുള്ള പത്ത് വീതം വീടുകളിൽനിന്ന് വിവരശേഖരണം നടത്തട്ടെ. ചോദ്യാവലി തയ്യാറാക്കുമ്പോൾ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ നൽകണം. ഉണ്ട് /ഇല്ല, യോജിക്കുന്നു/ യോജിക്കുന്നില്ല തുടങ്ങിയ ഉത്തരങ്ങൾ തരുന്നവയും 'ടിക്ക് ' അടയാളം ഉപയോഗിക്കാൻ കഴിയുന്നവയും പ്രയോജനപ്പെടുത്തണം.
ഉദാ. വീട്ടിൽ പത്രം വാങ്ങാറ് ഉണ്ടോ? ഉണ്ട് / ഇല്ല
പതിനഞ്ചിൽ കൂടുതൽ ചോദ്യങ്ങൾ വേണമെന്നില്ല. വ്യക്തിഗതമായ വിവരങ്ങളും ശേഖരിക്കാൻ മറക്കരുത്. ചോദ്യം ഡിടിപി ചെയ്തു നൽകുകയോ വൃത്തിയായി എഴുതി ഫോട്ടോ കോപ്പി എടുത്തു നൽകുകയോ ആവാം.
വായിക്കാം കേൾക്കാം
ചെറിയ ക്ലാസിലെ കുട്ടികളെ വായനയിലേക്ക് നയിക്കാനുള്ള പ്രവർത്തനമാണിത്. ഉചിതമായ ഭാവത്തോടെ, ശബ്ദ നിയന്ത്രണത്തോടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ കുട്ടികൾക്കു മുന്നിൽ വായിച്ച് അവതരിപ്പിക്കാം. ഉയർന്ന ക്ലാസിലെ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, ചെറിയ കുട്ടികൾക്ക് മുന്നിൽ വായിച്ച് അവതരിപ്പിക്കട്ടെ.
വായന സംഘങ്ങൾ
വായനാ പ്രവർത്തനങ്ങൾ സജീവമാക്കാൻ ക്ലാസ് തലത്തിൽ മൂന്നോ നാലോ പേർ അടങ്ങുന്ന വായന സംഘങ്ങൾ രൂപവൽക്കരിക്കാം. സ്കൂൾതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇത്തരം സംഘങ്ങൾക്ക് അവസരം നൽകാം.
വായനയും എഴുത്തും
പുസ്തകനിരൂപണം, പുസ്തകപരിചയം, പുസ്തകാസ്വാദനം, വായനാനുഭവങ്ങൾ തുടങ്ങിയ രചനകൾ സമാഹരിച്ച് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രസിദ്ധീകരിക്കാം
Post A Comment:
0 comments: